കോഴിക്കോട്: നിയമ വിദ്യാര്‍ഥിയും യൂട്യൂബറുമായ അബു അരീക്കോടിന്റെ ആത്മഹത്യ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ലോണ്‍ ആപ്പ് തട്ടിപ്പാണ് അബുവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. കോടഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇടത് സൈബര്‍ ഇടങ്ങളില്‍ സജീവമായിരുന്ന അബു അരീക്കോട് എന്ന വി അബൂബക്കറിനെ ശനിയാഴ്ചയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ അബു ലോണ്‍ ആപ്പുകളുടെ തട്ടിപ്പില്‍ കുടുങ്ങിയിരുന്നതായി ആരോപണം ഉയരുകയായിരുന്നു. അബുവിന്റെ അടുത്ത സുഹൃത്തുക്കളുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും കമന്റുകളും ഈ ആരോപണത്തിന് സാധുത നല്‍കുന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം തുടങ്ങിയത്. കോഴിക്കോട് മര്‍ക്കസ് ലോ കോളേജിലെ മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയായിരുന്നു അബു അരീക്കോട്. ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ വളരെ ജനപ്രിയനായിരുന്ന അദ്ദേഹം പൊതുയോഗങ്ങളിലും തീപ്പൊരു പ്രസംഗങ്ങള്‍ നടത്താറുണ്ടായിരുന്നു. സിപിഎം കാരിപ്പറമ്പ് ബ്രാഞ്ച് അംഗമായിരുന്നു.







