കൊച്ചി: മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളും പണവുമായി മധുര ചിന്താമണി തെരുവിലെ കാവ്യ (39), പൂജ (29) എന്നിവരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളത്തെ ഒരു ജ്വല്ലറിക്ക് മുൻപിൽ സംശയാസ്പദമായ രീതിയിൽ കറങ്ങിനടന്ന ഇവരെ പൊലീസ് ചോദ്യം ചെയ്യുകയും ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായി മറുപടി പറയുകയുമായിരുന്നു. ഇതിൽ സംശയം വർധിച്ച പൊലീസ് ഇവരുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് പരിശോധിച്ചു. അതിൽ പേഴ്സുകൾ കണ്ടെത്തുകയായിരുന്നു. പേഴ്സുകളിൽ നിന്ന് മൂന്ന് സ്വർണ്ണമാലയും പണവും രേഖകളും കണ്ടെടുത്തു. ഒരു പേഴ്സിൽ കുന്നംകുളം കറുമൽ സ്വദേശിനിയുടെ വിവരങ്ങൾ അടങ്ങിയ രേഖകളും ഉണ്ടായിരുന്നു. ഈ രേഖകളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണം വ്യക്തമായത്. പിടിയിലായ സ്ത്രീകൾ നിരവധി മോഷണ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണം തുടരുകയാണ്.







