കോഴിക്കോട്: കുപ്രസിദ്ധ മോഷ്ടാവ് തൃശൂര്‍, ചന്ദ്രാപിന്നി സ്വദേശി സുഹാസ് എന്ന അപ്പു (33) പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടു. വയനാട്ടില്‍ കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് വാഹനം തട്ടിയെടുത്ത കേസിലെ പ്രതിയാണ്. ബത്തേരി പൊലീസ് തൃശൂരില്‍ നിന്നാണ് സുഹാസിനെ കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയില്‍ രാത്രി കോഴിക്കോട്, ചേവായൂരില്‍ എത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്ന് സുഹാസ് ആവശ്യപ്പെട്ടു. ജീപ്പ് നിര്‍ത്തിയ ഉടന്‍ സുഹാസ് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. നിരവധി കവര്‍ച്ചാ കേസുകളിലും അക്രമക്കേസുകളിലും പ്രതിയാണ് സുഹാസ.് ചൊവ്വാഴ്ച ബത്തേരി, കല്ലൂരിന് സമീപത്ത് വച്ച് കോഴിക്കോട്, കാരാപ്പറമ്പ് സ്വദേശി സന്തോഷ് കുമാര്‍ (53), ഡ്രൈവര്‍ ബാലുശ്ശേരിയിലെ ജിനേഷ് (48)എന്നിവരെ ആക്രമിച്ച് വാഹനം തട്ടിയെടുത്ത കേസിലാണ് ഏറ്റവും ഒടുവില്‍ അറസ്റ്റിലായത്. കേസിലെ മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടയിലാണ് കസ്റ്റഡിയിലായ പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.







