കോഴിക്കോട്: ആശാരിപ്പണിക്കെത്തിയ മധ്യവയസ്കൻ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ചു. സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി സ്ഥലം വിട്ട പണിക്കാരൻ കൊല്ലം പെരുനാട് തൊട്ടുംകരനെ (54) പൊലീസ് അതിവിദഗ്ധമായി തിരഞ്ഞുപിടിച്ചു. ആശാരിപ്പണിക്കിടെ വാതിൽ പിടിച്ചു കൊടുക്കണമെന്ന് പറഞ്ഞു പെൺകുട്ടിയെ വീട്ടിനുള്ളിലേക്ക് വിളിച്ചു വരുത്തിയ ശേഷം ലൈംഗികമായി ആക്രമിക്കുകയായിരുന്നുവത്രേ. അതിനു ശേഷം സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി സ്ഥലം വിടുകയും ചെയ്തു. എന്നാൽ പെൺകുട്ടി വിവരം ഉടൻ മാതാവിനെ അറിയിച്ചു. വീട്ടുകാർ അപ്പോൾ തന്നെ കുന്നമംഗലം പൊലീസിൽ പരാതി കൊടുത്തു. പരാതി ലഭിച്ച ഉടൻ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് കുന്നമംഗലം പത്താം മൈലിൽ വെച്ച് ഇയാളെ പിടിച്ചു. പണിയായുധങ്ങളും പിടികൂടിയിട്ടുണ്ട്. ഇയാളുടെ മുൻകാല ചരിത്രം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നു പൊലീസ് പറഞ്ഞു.







