തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളിയാഴ്ച രാത്രി ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ കൂടിയാലോചിച്ചശേഷമാണ് അന്തിമതീരുമാനമായത്. ജയകുമാര്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ പട്ടികയാണ് പരിഗണിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നല്‍കിയത്. പട്ടികയില്‍നിന്ന് ആരെ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം മന്ത്രി വാസവന് തീരുമാനിക്കാമെന്നായിരുന്നു പാര്‍ട്ടി നിര്‍ദേശം. ഇതനുസരിച്ചാണ് വെള്ളിയാഴ്ചതന്നെ തീരുമാനമുണ്ടായത്. ശബരിമല സ്‌പെഷ്യല്‍ ഓഫീസറും മുന്‍ ദേവസ്വം കമ്മിഷണറുമാണ് ജയകുമാര്‍. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചെയര്‍മാന്‍, ശബരിമല സ്പെഷ്യല്‍ ഓഫിസര്‍, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തു പരിശോധനാ സമിതിയിലെ മേല്‍നോട്ടക്കാരന്‍ എന്നീ സുപ്രധാന ദൗത്യങ്ങളും നിര്‍വ്വഹിച്ചിട്ടുണ്ട്.കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ജയകുമാര്‍.







