തിരുവനന്തപുരം: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മുത്താന, അമ്പലത്തുംവിള ഉന്നതിയിലെ അശോക (60)നെയാണ് തിരുവനന്തപുരം, ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (7) ജഡ്ജി വി അനസ് ശിക്ഷിച്ചത്. 2024 ഫെബ്രുവരി 26നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങി കിടക്കുകയായിരുന്ന ഭാര്യ ലീല (45)യുടെ ദേഹത്തേയ്ക്ക് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തീപൊള്ളലേറ്റ ലീല വീട്ടിനു പുറത്തേയ്ക്ക് ഇറങ്ങി ഓടുകയായിരുന്നു. തീകൊളുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ മകന്‍ അനിലിനും പൊള്ളലേറ്റിരുന്നു. 2023ല്‍ സ്‌ട്രോക്ക് വന്നതോടെ ജോലിക്ക് പോകാന്‍ കഴിയാതെ വിശ്രമത്തിലായിരുന്നു അശോകന്‍. ലീല തന്നെ ഉപേക്ഷിച്ചുപോകുമെന്നും അവര്‍ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്നും അശോകന്‍ സംശയിച്ചിരുന്നു. ഇതിന്റെ പേരില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു. അയിരൂര്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.







