തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നു സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ ആറു ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി ഉത്തരവ്. ഫോര്‍ട്ട് പൊലീസ് നല്‍കിയ അപേക്ഷ പരിഗണിച്ച സിജെഎം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണ്ണം പൂശാനായി സ്‌ട്രോംഗ് റൂമില്‍ നിന്നു എടുത്ത സ്വര്‍ണ്ണത്തില്‍ നിന്നു 13 പവനാണ് കാണാതായത്. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെ നഷ്ടപ്പെട്ട സ്വര്‍ണ്ണം മണലില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സംഭവത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ക്ഷേത്ര ജീവനക്കാരെ നിരവധി തവണ ചോദ്യം ചെയ്തുവെങ്കിലും സ്വര്‍ണ്ണം എടുത്തയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് സംശയ നിഴലിലുള്ള ആറു ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നതിനുള്ള അനുമതി തേടി പൊലീസ് കോടതിയെ സമീപിച്ചത്. നുണ പരിശോധനയ്ക്ക് മുമ്പ് ജീവനക്കാരുടെ അനുമതിപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കി. മെയ് മാസം ഏഴിനും പത്തിനും ഇടയിലുള്ള ദിവസമാണ് സ്വര്‍ണ്ണം മോഷണം പോയത്.







