കാസര്‍കോട്: ശബരിമല ക്ഷേത്രം വിഴുങ്ങികളെ കൂട്ടത്തോടെ വലയിലാക്കാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നു കോണ്‍ഗ്രസ് ദേശീയ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജില്ലയില്‍ വിവിധ പരിപാടികള്‍ക്കെത്തിയ അദ്ദേഹം കാസര്‍കോട്ടു വാര്‍ത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു. ശബരിമലയില്‍ നിന്നു സ്വര്‍ണ്ണം കട്ടതു ദേവസ്വം പ്രസിഡന്റുമാത്രമാണെന്നു കരുതാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ബന്ധമുള്ള സ്വര്‍ണ്ണക്കടത്താണ് ശബരിമലയില്‍ നടന്നത്. ശബരിമലയിലെ മോഷണം മുഴുവന്‍ നടന്നത് ഇടതു സര്‍ക്കാരിന്റെ കാലത്താണെന്നും ദേവസ്വം മന്ത്രിമാരും ദേവസ്വം പ്രസിഡന്റുമാരുമാണ് കുറ്റവാളികളെന്നും ചെന്നിത്തല ആരോപിച്ചു. ഈ സംഭവത്തില്‍ ഒരു ദേവസ്വം ബോഡ് പ്രസിഡന്റിനെ മാത്രം മാറ്റിയതു കൊണ്ടു രക്ഷപ്പെടാമെന്നു കരുതുന്നതു മൗഢ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഈ കേസ് പൊലീസിനെക്കൊണ്ടു മാത്രം അന്വേഷിപ്പിച്ചു സത്യം പുറത്തു കൊണ്ടുവരുമെന്ന വീരസ്യം പറച്ചില്‍ ആരാണ് വിശ്വസിക്കുകയെന്ന് അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗിയുടെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് രാജിവയ്ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പണം കൊടുത്തേ ചികിത്സിക്കൂ എന്ന സംസ്‌ക്കാരം എത്ര അപകടകരമാണെന്ന് അദ്ദേഹം ആരാഞ്ഞു. ഇതാണോ ഇടതു സര്‍ക്കാരിന്റെ നമ്പര്‍ വണ്‍ ആരോഗ്യ പരിരക്ഷ?. മെഡിക്കല്‍ കോളേജിലെ രോഗിയുടെ മരണം കേരളത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി സജിചെറിയാന്‍ റാപ്പര്‍ വേടനെ അവാര്‍ഡ് നല്‍കി ആദരിച്ച ശേഷം പിന്നീട് അയാളെക്കുറിച്ചു പരാമര്‍ശിച്ചപ്പോള്‍ ‘പോലും’ എന്നു നടത്തിയ പ്രയോഗം കേരള സംസ്‌ക്കാരത്തിനു പറ്റിയ ഏര്‍പ്പാടാണോ എന്ന് സ്വയം വിലയിരുത്താന്‍ അദ്ദേഹം തയ്യാറാവണമെന്നു ചെന്നിത്തല ഉപദേശിച്ചു. ഒരു വ്യക്തിയെ സര്‍ക്കാര്‍ ആദരിച്ചിട്ട് അയാളെ സര്‍ക്കാര്‍ തന്നെ അവഹേളിക്കുന്നത് എന്തു പ്രതിഭാസമാണെന്ന് അദ്ദേഹം ആരാഞ്ഞു.
ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ രാഹുല്‍ഗാന്ധിക്കെതിരെ നടത്തിയ തുക്കടെ, തുക്കടെ ഗാംഗ് പ്രയോഗം സ്വയം അപഹാസ്യതയുണ്ടാക്കിയിരിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. തുക്കടെ തുടക്കടെ ഗാംഗിന്റെ നേതാവ് ആരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ – ചെന്നിത്തല ചോദിച്ചു.







