കോഴിക്കോട്: സിപിഎം പ്രവർത്തകനും നിയമ വിദ്യാർഥിയുമായ അബു അരീക്കോടിനെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടത് സൈബറിടങ്ങളിലെ സജീവ സാന്നിധ്യവും യൂട്യൂബറും പ്രഭാഷകനുമായിരുന്നു. കോഴിക്കോട് പുതുപ്പാടിയിലെ കോളേജിൻ്റെ ഹോസ്റ്റൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. അബു സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
കൈത്തപ്പൊയിൽ നോളജ് സിറ്റിയിൽ എൽഎൽബി വിദ്യാർഥിയാണ് അബു. അരീക്കോട് പൂങ്കുടി സ്വദേശി നെല്ലികുന്ന് വീട്ടിൽ അബ്‌ദുൾ കരീം, വഹബി ദമ്പതികളുടെ മകനാണ്. ‘അബു അരീക്കോട്’ എന്ന യൂട്യൂബ് ചാനലിൽ നിരവധി വീഡിയോകൾ അബു പങ്കുവച്ചിട്ടുണ്ട്. മൂന്ന് ദിവസം മുൻപും പുതിയ വീഡിയോ ചാനലിൽ അപ്‌ലോഡ് ചെയ്‌തിരുന്നു. അബുവിന്റെ അപ്രതീക്ഷിത വേർപാടിൽ മുൻ മന്ത്രി ടി.പി.രാമകൃഷ്ണൻ അടക്കമുള്ള രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി. അബുവിനെ അനുസ്മരിച്ച് കെ.ടി. ജലീൽ എം.എൽ.എ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.







