കന്യാകുമാരി: രാത്രി ഉറങ്ങിക്കിടന്ന സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയില്‍. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവര്‍ കുളച്ചല്‍ സ്വദേശി ജവഹര്‍ (55) ആണ് അറസ്റ്റിലായത്. കുളച്ചല്‍ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജവഹറിന്റെ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയായിരുന്നു അറസ്റ്റ്. എസ്പി സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് ഇയാളെ പിടികൂടിയത്. കുളച്ചല്‍ കാമരാജ് ബസ് സ്റ്റാന്‍ഡിലെ പ്ലാറ്റ്ഫോമില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു സ്ത്രീയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇവരുടെ സമീപത്തേക്ക് നടന്നുവന്ന പ്രതി ചുറ്റും നോക്കിയ ശേഷം ശല്യപ്പെടുത്തുകയായിരുന്നു. സിസിടിവിയിലെ ഈ ദ്യശ്യങ്ങള്‍ വൈറലായിരുന്നു. ഇതോടെ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തി. പ്രതി സംഭവ സമയത്ത് യൂണിഫോമിലായതിനാല്‍ അന്വേഷണം കൂടുതല്‍ എളുപ്പമായി. പൊലീസ് കുളച്ചലിലെ ബസ് ജീവനക്കാര്‍ക്കിടയിലാണ് പ്രതിയെ അന്വേഷിച്ചത്. തുടര്‍ന്നാണ് കുളച്ചല്‍ മാര്‍ക്കറ്റ് റോഡ് പ്രദേശത്ത് താമസിക്കുന്ന ആള്‍ അറസ്റ്റിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. പ്രതിയെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വെളളിയാഴ്ച കോടതിയില്‍ ഹാജരാക്കും.







