ശബരിമല സ്വർണക്കൊള്ള; തിരുവാഭരണ മുൻ കമ്മിഷണർ ബൈജു അറസ്റ്റിൽ, കട്ടിളപ്പാളികൾ അഴിച്ച് പോറ്റിക്ക് നൽകി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവാഭരണം മുൻ കമ്മിഷണർ കെ.എസ്.ബൈജു അറസ്റ്റില്‍. കേസിലെ ഏഴാം പ്രതിയാണ്. ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ തിരുവാഭരണ കമ്മിഷണറുടെ സാന്നിധ്യത്തിലാണ് അഴിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത്. മഹസറിൽ ബൈജു ഒപ്പിട്ടിരുന്നു. അതിൽ ചെമ്പുപാളി എന്നാണു രേഖപ്പെടുത്തിയത്. ഇയാൾ 2019ൽ സർവീസിൽനിന്നു വിരമിച്ചു. ബൈജുവിനെതിരെ നേരത്തെ ചില മൊഴികളും രേഖകളും ലഭിച്ചിരുന്നു. ദ്വാരപാലക ശില്‍പ്പ പാളികള്‍ കൈമാറുന്ന സമയത്ത് ബൈജു സന്നിധാനത്ത് ഉണ്ടായിരുന്നില്ല. അത് ദുരൂഹമാണെന്ന് അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കെ എസ് ബൈജുവിന്റെ അസാന്നിധ്യം ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായതാണെന്ന നിഗമനത്തിലേക്ക് എസ്‌ഐടി എത്തിയത്. പാളികള്‍ കൈമാറുന്ന സമയത്ത് അതിന്റെ തൂക്കവും അളവും രേഖപ്പെടുത്തേണ്ടയാളാണ് തിരുവാഭരണ കമ്മീഷണര്‍.
സ്വർണക്കൊള്ള കേസിൽ നാലാമത്തെ അറസ്റ്റാണിത്. ഉണ്ണിക്കൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാർ എന്നിവരാണ് ഇതുവരെ അറസ്റ്റിലായവർ. ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവരെ അടുത്ത ദിവസങ്ങളിൽ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യും. മുരാരി ബാബു, സുധീഷ് കുമാർ എന്നിവരെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി കോടതിയെ സമീപിക്കും. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാനും എസ്ഐടിയ്ക്ക് പദ്ധതിയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page