കൊച്ചി: തന്റെ പേരും ചിത്രവും ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടന്‍ ഗിന്നസ് പക്രു. സമ്മാനങ്ങളുടെ പെരുമഴ വാഗ്ദാനം ചെയ്തും, രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്കുകള്‍ നല്‍കിയുമാണ് തട്ടിപ്പുകാര്‍ പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ, നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയോ ചെയ്യരുതെന്ന് പക്രു മുന്നറിയിപ്പ് നല്‍കുന്നു. വിഡിയോ പങ്കുവച്ചാണ് തട്ടിപ്പിന്റെ രീതി വിശദീകരിച്ചത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പേരില്‍ ഒരു വ്യാജ സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുകയാണെന്നും, തനിക്ക് സോഷ്യല്‍ മീഡിയ വഴിയുള്ള സാമ്പത്തിക ഇടപാടുകളോ സമ്മാന പദ്ധതികളോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തട്ടിപ്പിനായി ഉപയോഗിക്കുന്ന ലിങ്കിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
എന്റെ പേര് വച്ച് ലിങ്ക് കൊടുത്ത് സമ്മാനപെരുമഴ എന്ന് പറഞ്ഞാണ് പ്രചരിക്കുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കുക, ഇവിടെ രജിസ്റ്റര്‍ ചെയ്യുക എന്ന് പറഞ്ഞ് ഒരു ലിങ്കും കൊടുത്തിട്ടുണ്ട്. ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല. ആരോ തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്നതാണ്. എന്റെ പേരും ചിത്രവും കൊടുത്ത് ഒരു സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്. എനിക്ക് യാതൊരു വിധ സമ്മാനപദ്ധതികളോ സോഷ്യല്‍ മീഡിയ വഴിയുള്ള സാമ്പത്തിക ഇടപാടുകളോ ഒന്നുമില്ല,’ ഗിന്നസ് പക്രു പറഞ്ഞു. കഴിവതും ഇത് ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കണമെന്നും വീഡിയോയിലൂടെ താരം അഭ്യര്‍ത്ഥിക്കുന്നു. അതേസമയം വിഷയം സൈബര്‍ സെല്ലില്‍ പരാതിപ്പെടണമെന്ന് നിരവധി പേര്‍ കമന്റ് ചെയ്തു.







