പയ്യന്നൂർ: ടൗണിൽ അമിതവേഗത്തിൽ ഓടിച്ചുവന്ന കാർ അപകടം വരുത്തി. ഓട്ടോറിക്ഷയിലും ബൈക്കുകളിലും ഇടിച്ചു. സ്ത്രീ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം. കേളോത്ത് ഭാഗത്തു നിന്ന് വന്ന കാർ പയ്യന്നൂർ സെയ്ന്റ് മേരീസ് സ്കൂളിനു സമീപത്ത് ഓട്ടോ റിക്ഷയിലിടിച്ചു. ഓട്ടോറിക്ഷയ്ക്ക് കേടുപാടുണ്ടായി. കാറിന്റെ മുൻഭാഗം തകർന്നു. നിയന്ത്രണം വിട്ട് മുന്നോട്ട് കുതിച്ച കാറിന്റെ ടയർ പഴയ ബസ് സ്റ്റാൻഡിന് സമീപമെത്തിയപ്പോൾ പഞ്ചറായി. വിവരമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയപ്പോൾ കാറിലുണ്ടായിരുന്നവരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിലേല്പിച്ചു. നീലേശ്വരം സ്വദേശികളായ അഭിരാം അഭിജിത്ത് എന്നിവരാണ് പിടിയിലായത്. കാറിൽ മദ്യ കുപ്പിയുണ്ടായിരുന്നുവെന്നും കാറിലുണ്ടായിരുന്നവർ മദ്യ ലഹരിയിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. എസ്ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.







