മംഗ്ളൂരു: സങ്കല്‍പ്പത്തിലുള്ള വരനെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ബണ്ട്വാളിലെ ഒരു ബാങ്ക് ജീവനക്കാരിയുടെ കാല്‍കോടി രൂപ തട്ടിയെടുത്ത മന്ത്രവാദിയെന്ന് അവകാശപ്പെടുന്ന യുവാവ് അറസ്റ്റില്‍. ബംഗ്ളൂരു, യശ്വന്ത്പൂര്‍, ഗോകുലം ഒന്നാം സ്റ്റേജിലെ ശ്രീനിവാസ നഗറില്‍ താമസക്കാരനായ ആര്‍ വാസുദേവ (32)യെയാണ് ദക്ഷിണ കന്നഡ ജില്ലാ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റു ചെയ്തത്.
വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വാസുദേവ മന്ത്രവാദം ചെയ്യുന്നതിന് ആള്‍ക്കാരെ ആകര്‍ഷിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബാങ്കു ജീവനക്കാരിയായ യുവതി തന്റെ സങ്കല്‍പ്പത്തിലുള്ള വരനെ ലഭിക്കുന്നതിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രവാദിയെന്നു കരുതിയ വാസുദേവയെ ബന്ധപ്പെടുകയായിരുന്നു. അഞ്ചു ലക്ഷം രൂപ ചെലവുള്ള മന്ത്രവാദം നടത്തണമെന്നായിരുന്നു വാസുദേവയുടെ മറുപടി. ഇതിനു തയ്യാറായ യുവതി പണം നല്‍കുകയും ചെയ്തു. മന്ത്രവാദത്തിനും പൂജയ്ക്കും ശേഷം വിവാഹ കാര്യത്തില്‍ അനുകൂലമായ സംഭവങ്ങളൊന്നും ഉണ്ടായില്ല. യുവതി വീണ്ടും ബന്ധപ്പെട്ടപ്പോള്‍ ഇപ്പോള്‍ നടത്തിയ പൂജയില്‍ ദേവി തൃപ്തയല്ലെന്നും 20 ലക്ഷം രൂപയുടെ പൂജ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നു പറയുന്നു. ഈ തുകയും നല്‍കിയ ശേഷം മന്ത്രവാദിയെ കുറിച്ചുള്ള വിവരങ്ങളൊന്നും യുവതിക്ക് ലഭിച്ചില്ല. ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. സൈബര്‍ പൊലീസിന്റെ വിദഗ്ധമായ അന്വേഷണത്തിലാണ് വാസുദേവ പിടിയിലായത്. തട്ടിപ്പിനു ഉപയോഗിച്ച നാലു മൊബൈല്‍ ഫോണുകളും 20,300 രൂപയും പിടികൂടി. ആത്മീയ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രതി കൂടുതല്‍ സ്ത്രീകളില്‍ നിന്നു പണം തട്ടിയിട്ടുണ്ടോയെന്നു സംശയിക്കുന്നു. ഇതേ കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.







