അഹമ്മദാബാദ്: ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയയാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഒരുവര്‍ഷത്തിന് ശേഷം വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇസ്രായേല്‍ അക്ബറലി അന്‍സാരിയാണ് കൊല്ലപ്പെട്ടത്. മൃതദേഹം അടുക്കളയില്‍ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ദാരുണകൊല നടന്നത്. 2015-ലാണ് അന്‍സാരി റുബിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് ജോലിയുടെ ഭാഗമായി സ്വന്തം ഗ്രാമമായ സിവാനില്‍ നിന്ന് ഭാര്യക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം അന്‍സാരി അഹമ്മദാബാദിലേക്ക് മാറി താമസിച്ചു. ഇതിനിടെ റുബി ഇമ്രാന്‍ അക്ബര്‍ഭായ് വഗേല്‍ എന്നയാളെ പരിചയപ്പെട്ടു. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഇവരുടെ പ്രണയം ഭര്‍ത്താവില്‍ സംശയമുണ്ടാക്കിയിരുന്നു. ഇതിന്റെ പേരില്‍ കലഹം നടന്നിരുന്നു. ഇനി കാമുകനെ കാണരുതെന്നും സംസാരിക്കരുതെന്നും അസാരി യുവതിയോട് പറഞ്ഞിരുന്നു. എന്നാല്‍ കടുത്ത പ്രണയത്തിന് അന്‍സാരി തടസമായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കൂടാതെ അന്‍സാരി ഭാര്യയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും ആരോപണമുണ്ട്.
റുബിയും വഗേലയും മറ്റ് രണ്ട് പേരും ചേര്‍ന്ന് കത്തി ഉപയോഗിച്ച് അന്‍സാരിയെ ആക്രമിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് പ്രതികള്‍ റുബിയുടെയും അന്‍സാരിയുടെയും വീടിന്റെ അടുക്കളയില്‍ ഒരു കുഴിയെടുത്ത് മൃതദേഹം കുഴിച്ചിടുകയും, സിമന്റും ടൈലുകളും ഉപയോഗിച്ച് മൂടുകയും ചെയ്തു. അസാരിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടന്നുവെങ്കിലും പാതിവഴിയില്‍ നിലച്ചു. അതിനിടെ കൊലയില്‍ പങ്കെടുത്ത ഒരാള്‍ പൊലീസിന് വിവരം കൈമാറിയതോടെ കാണാതായ സംഭവത്തില്‍ വീണ്ടും അന്വേഷണം ആരംഭിച്ചു.
കൊലപാതക സൂചനയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ ജഡേജയും സംഘവും വീട് നിരീക്ഷിക്കുകയും അന്‍സാരിയും റൂബിയും അവിടെ വാടകയ്ക്ക് താമസിച്ചിരുന്ന സമയത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് വഗേലയെ അറസ്റ്റ് ചെയ്യുകയും, ചോദ്യം ചെയ്യലില്‍ പ്രതി അന്‍സാരിയെ കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു. കുഴിച്ചിട്ടസ്ഥലത്ത് നടത്തിയ പരിശോധനിയില്‍ അസ്ഥികള്‍, കോശങ്ങള്‍, മുടി എന്നിവയുള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. കൊലപാതകത്തിലെ പ്രധാന പ്രതിയുമായ ഇമ്രാന്‍ വഗേലയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഭാര്യ റൂബി എന്ന പ്രിയ ബിഹാരി, റഹിം എന്ന സാഹില്‍ സലിം ഷെയ്ഖ്, മൊഹ്സിന്‍ എന്ന ഫൈസു നസീര്‍ഖാന്‍ പത്താന്‍ എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്തു.







