…
തൃശൂര്‍: ഒന്നാംകല്ലിലെ ഫിറ്റ്നസ് പരിശീലകനായ മാധവിന്റെ മരണ കാരണത്തില്‍ അവ്യക്തത. മസിലിനു കരുത്തു ലഭിക്കാന്‍ യുവാവ് അമിതമായി മരുന്നുകള്‍ ഉപയോഗിച്ചതായി സൂചന. വിദേശനിര്‍മിത മരുന്നുകളും സിറിഞ്ചും കിടപ്പുമുറിയില്‍ നിന്ന് പൊലീസിനു ലഭിച്ചിട്ടുണ്ട്. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിലും വ്യക്തമായില്ലെന്നാണ് വിവരം. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചു. ശരീര സൗന്ദര്യ മല്‍സരങ്ങളില്‍ സ്ഥിരമായി മാധവ് പങ്കെടുക്കാറുണ്ടായിരുന്നു. ഒന്നാംകല്ല് ചങ്ങാലി മഠപതി ക്ഷേത്രത്തിനു സമീപത്തെ ചങ്ങാലി വീട്ടില്‍ മണിയുടെയും കുമാരിയുടെയും മകന്‍ മാധവിനെ(28) ബുധനാഴ്ച പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിം ട്രെയിനറായ മാധവ് ദിവസവും പുലര്‍ച്ചെ നാലിന് ഉണര്‍ന്ന് ജിമ്മില്‍ പോകാറുണ്ട്. എന്നാല്‍ 4.30 ആയിട്ടും എഴുന്നേല്‍ക്കാതെ വന്നതിനെ തുടര്‍ന്ന് മാതാവ് വാതില്‍ മുട്ടിവിളിച്ചിട്ടും തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചുവരുത്തി അവരുടെ സഹായത്തോടെ വാതില്‍ തള്ളി തുറന്നപ്പോള്‍ കട്ടിലില്‍ അനക്കമറ്റ നിലയില്‍ യുവാവിനെ കാണുകയായിരുന്നു.
ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആരോഗ്യസംരക്ഷണത്തില്‍ ഏറെ ശ്രദ്ധാലുവായിരുന്നു മാധവ്. വിവാഹം അടുത്ത മാസം ഉറപ്പിക്കാനിരിക്കെ ആണ് മരണം.







