കാസര്‍കോട്: നിരവധി പേരില്‍ നിന്നായി കോടിക്കണക്കിനു രൂപ നിക്ഷേപമായി വാങ്ങിച്ച ശേഷം തിരിച്ചു നല്‍കാതെ വഞ്ചിച്ച കുണ്ടംകുഴിയിലെ ജിബിജി (ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ്)ക്കെതിരെ ബേഡകം പൊലീസ് ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. പെരിയ പുളിക്കാലിലെ രതി (38)യുടെ പരാതി പ്രകാരം ജിബിജി കമ്പനിയെ ഒന്നും മാനേജിംഗ് ഡയറക്ടര്‍ കുണ്ടംകുഴി ചിന്നുലാല്‍ ഹൗസിലെ ഡി. വിനോദ് കുമാറിനെ രണ്ടാം പ്രതിയുമാക്കിയാണ് ബേഡകം പൊലീസ് കേസെടുത്തത്. 2022 സെപ്തംബര്‍ 22ന് വന്‍ തുക വാഗ്ദാനം ചെയ്ത് അരലക്ഷം രൂപ നിക്ഷേപമായി വാങ്ങിക്കുകയും പിന്നീട് മൂന്നു തവണകളായി 6750 രൂപ മാത്രമാണ് തിരികെ നല്‍കിയതെന്നും രതി പരാതിയില്‍ പറഞ്ഞു.
പുതിയ കേസോടെ ജിബിജി നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 31 ആയി. നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഡി. വിനോദകുമാര്‍ ജാമ്യത്തിലിറങ്ങിയിരുന്നു. പിന്നീട് ഇയാള്‍ എവിടെ പോയെന്നു വ്യക്തമല്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിനോദ് കുമാര്‍ തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് സൂചന ലഭിച്ചത്.







