തളിപ്പറമ്പ്: രണ്ടുമാസം പ്രായമായ കുഞ്ഞിനെ കിണറില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമാമസ്ജിദിന് സമീപത്തെ ഹിലാല്‍ മന്‍സിലില്‍ എം.പി.മുബഷീറയെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസം പ്രായമായ അമീഷ് അലന്‍ ജാബിര്‍ എന്ന കുഞ്ഞിനെയാണ് തിങ്കളാഴ്ച രാവിലെ 9.30 ന് വീട്ടുകിണറില്‍ മരിച്ച നിലയില്‍ കണ്ടത്.
വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ 24 കോല്‍ താഴ്ച്ചയുള്ള കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ എണ്ണതേപ്പിച്ച് കുളിപ്പിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണുവെന്നാണ് ആദ്യം മാതാവ് പറഞ്ഞത്. എന്നാല്‍ അത് പൊലീസ് തളളിയിരുന്നു. ഇരുമ്പ് ഗ്രില്ലും ആള്‍മറയുമുള്ള കിണറില്‍ കുഞ്ഞ് വീഴാനുള്ള ഒരു സാധ്യതയുമില്ലെന്ന് സ്ഥലപരിശോധനയില്‍ വ്യക്തമായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടറെ സ്ഥലത്തെത്തിച്ച് ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചിരുന്നു. പിന്നീട് വനിതാ പൊലീസിന്റെ നേതൃത്വത്തില്‍ മുബഷീറയെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കിണറില്‍ എറിഞ്ഞെന്ന് വ്യക്തമായത്. കാര്യങ്ങള്‍ പോലീസിന് നേരത്തെ വ്യക്തമായിരുന്നുവെങ്കിലും ശാസ്ത്രീയമായ മുഴുവന്‍ തെളിവുകളും ശേഖരിച്ചശേഷം മാത്രം അറസ്റ്റിലേക്ക് നീങ്ങിയാല്‍ മതിയെന്ന ഉന്നത നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ് വൈകിയത്. ബുധനാഴ്ച കുറുമാത്തൂരിലെ വീട്ടിലെത്തിയാണ് മാതാവ് മുബഷീറയെ ഇന്‍സ്പെക്ടര്‍ പി.ബാബുമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയ മുബഷീറയെ ഉച്ചക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. പ്രസവിച്ച സ്ത്രീകളില്‍ ഉണ്ടാകാറുള്ള പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍(പ്രസവാനന്തര വിഷാദം) എന്ന മാനസിക സമ്മര്‍ദ്ദം കാരണമായിരിക്കാം ഈ കടുംകൈ ചെയ്യാന്‍ മാതാവിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ പിതാവ് ജാബിര്‍ കുടക് കുശാല്‍ നഗറില്‍ വ്യാപാരിയാണ്.







