തിരുവനന്തപുരം: ബിവറേജിലേക്ക് ബിയറുമായി വന്ന ലോറിയിൽ നിന്ന് ബിയർ ബോട്ടിലുകൾ മോഷ്ടിച്ചെടുത്ത് കുടിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. വട്ടിയൂർക്കാവ് നെട്ടയം സ്വദേശി സുരേഷ്, തിരുനെൽവേലി സ്വദേശി മണി എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ വെയർഹൗസിൽ പരിശോധന നടന്നിരുന്നതിനാൽ ലോഡ് ഇറക്കൽ നിർത്തിവെച്ചിരുന്നു. ഈ സമയത്താകാം മോഷണമെന്നാണ് പൊലീസ് നിഗമനം. ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെ ചില കെയിസുകൾ തകർന്ന നിലയിൽ കണ്ടെത്തിയതാണ് മോഷണ വിവരം പുറത്തായത്. ടാർപോളിൻ ഉപയോഗിച്ച് പൊതിഞ്ഞ ലോറിയിൽ 1000 കെയിസ് ബിയർ ഉണ്ടായിരുന്നു. ലോഡിൽ നിന്ന് 33 കുപ്പികളാണ് മോഷ്ടിച്ചത്. സംഭവത്തിന് പിന്നാലെ അധികൃതർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ സിസിടിവി പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സുരേഷ് മറ്റൊരു ലോറിയിലെ ഡ്രൈവറും , മണി സമീപത്തെ കടയിലെ ജീവനക്കാരനുമാണ്. അറസ്റ്റ് ചെയ്ത പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി.







