കാസര്‍കോട്: നാലുപവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകളും ബാങ്ക് ലോക്കറിന്റെ താക്കോലും നഷ്ടപ്പെട്ടതായി പരാതി. കുമ്പള, കൃഷ്ണനഗറിലെ വാരിജാക്ഷി നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തെ കുറിച്ച് വാരിജാക്ഷി പറയുന്നത് ഇങ്ങനെ-” മംഗ്‌ളൂരുവിലേയ്ക്ക് പോകാനാണ് രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. കള്ളന്മാരെ ഭയന്ന് നാലുപവന്‍ തൂക്കം വരുന്ന മാല, വള, മോതിരം, എന്നിവയും ബാങ്ക് ഡെപ്പോസിറ്റിന്റെ സര്‍ട്ടിഫിക്കറ്റുകളും ബാങ്ക് ലോക്കറിന്റെ താക്കോലും ചെറിയ ബാഗിലാക്കി പുറത്തിറങ്ങി. ശേഷം ആഭരണങ്ങളും മറ്റും അടങ്ങിയ ചെറിയ ബാഗ് വാതില്‍പ്പടിയില്‍ വച്ച് വാതില്‍പൂട്ടി. എന്നാല്‍ ചെറിയ ബാഗ് മറന്നു പോയ വിവരം അപ്പോള്‍ അറിഞ്ഞില്ല. ബസ് മംഗളൂരുവില്‍ എത്താറായപ്പോഴാണ് ബാഗ് മറന്നുപോയ കാര്യം ഓര്‍മ്മ വന്നത്. യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് വീട്ടില്‍ തിരിച്ചെത്തി ബാഗ് തെരഞ്ഞുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഉടന്‍ കുമ്പള പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി പറയുകയായിരുന്നു”
വാരിജാക്ഷി വീട്ടില്‍ നിന്നു ഇറങ്ങിയ ശേഷം വീട്ടില്‍ എത്തിയ ആരെങ്കിലും ബാഗ് കൈക്കലാക്കിയതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ നിഗമനം.







