കാസര്‍കോട്: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ചെര്‍ക്കള ബേവിഞ്ച തെക്കിലില്‍ ഒരു കുടുംബം പെട്രോള്‍ നിറച്ച കുപ്പി സമീപത്തു വച്ച് ആത്മഹത്യാഭീഷണി മുഴക്കുന്നു. വീടിനു മുകളിലാണ് ഭീഷണിയുമായി അവര്‍ നിലയിറുപ്പിച്ചിട്ടുള്ളത്. വീട്ടുമുറ്റത്തു നാട്ടുകാരും കരാറുകാരും ദേശീയ പാത അധികൃതരും വാക്കേറ്റം തുടരുകയാണ്. രാവിലെ ആരംഭിച്ച സംഘര്‍ഷത്തെത്തുടര്‍ന്ന് വനിതാ പൊലീസുള്‍പ്പെടെ ശക്തമായ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും അവര്‍ സംയമനം പാലിക്കുന്നു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എയും ജനപ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു കോടി 28 ലക്ഷം രൂപ നഷ്ടപരിഹാരം സംബന്ധിച്ച തര്‍ക്കമാണു പ്രതിസന്ധിക്കു കാരണമെന്നു എംഎല്‍എ പറഞ്ഞു. പണം ലഭിച്ചാല്‍ വീടുവിട്ടുകൊടുക്കാന്‍ തയ്യാറാണെന്നു അദ്ദേഹം സൂചിപ്പിച്ചു. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തു പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായാല്‍ തീര്‍ക്കാവുന്ന പ്രശ്‌നമേയുള്ളു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെക്കിലില്‍ ദേശീയ പാതക്ക് ഇരുവശവും വരുന്ന എം.ടി അബ്ദുല്‍ ബഷീര്‍, എം.ടി അഹമ്മദലി എന്നിവരുടെ വീടുകള്‍ക്കുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ഇതു സംബന്ധിച്ചു കേസുകള്‍ ഉള്ളതായി പറയുന്നു. പ്രശ്‌നം രമ്യതയിലൂടെ പരിഹരിക്കുന്നതിനു ജില്ലാ കളക്ടര്‍ ഇടപെട്ടു നഷ്ടപരിഹാരം നിര്‍ദ്ദേശിച്ചെങ്കിലും അതിനെതിരെ ദേശീയ പാത അതോറിറ്റി സ്‌റ്റേ നേടിയിരുന്നതായി പറയുന്നുണ്ട്.
എന്നാല്‍ പണി തുടരാന്‍ കോടതി അനുവദിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു രാവിലെ പണി തുടരാന്‍ കരാറുകാര്‍ ശ്രമമാരംഭിച്ചതോടെ വീട്ടുകാര്‍ പണി തടഞ്ഞു. പണിയാരംഭിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അതു കാണിക്കാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും കരാറുകാരോ അധികൃതരോ അതിന് തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്.

എന്നാല്‍ തങ്ങള്‍ ദേശീയ പാത മാത്രമേ പണിയുന്നുള്ളുവെന്നും അതിനു വീടു നീക്കം ചെയ്യേണ്ട കാര്യമില്ലെന്നും കരാറുകാര്‍ പറയുന്നതായും സംസാരമുണ്ട്. ഇതില്‍ പ്രതിഷേധിച്ചു നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. സര്‍വ്വീസ് റോഡ് പണിയാതെ ദേശീയ പാത മാത്രം നിര്‍മ്മിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് അവരും നിലപാടെടുത്തിരിക്കുകയാണ്. ഇതിനിടയില്‍ വീട്ടിനു മുകളില്‍ കുടുംബാംഗങ്ങള്‍ പെട്രോള്‍ നിറച്ച കുപ്പിയും ഗ്യാസ് സിലിണ്ടറുമായി ആത്മഹത്യാഭീഷണി മുഴക്കുന്നുണ്ട്. വനിതാ പൊലീസുള്‍പ്പെടെ ശക്തമായ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും അവര്‍ സംയമനം പാലിക്കുകയാണ്.
രാവിലെ ആരംഭിച്ച സംഘര്‍ഷം തുടരുന്നതില്‍ നാട്ടുകാരും ഉത്കണ്ഠയിലാണ്.







