ബദിയടുക്ക: ഭക്ഷ്യവസ്തുക്കളും ആരോഗ്യ ഇന്‍ഷുറന്‍സും സൗജന്യമായി നല്‍കി കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളെ ദാരിദ്ര്യമുക്തമാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതിന്റെയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന്റെയും പൂര്‍ണ്ണ ക്രെഡിറ്റ് നരേന്ദ്ര മോദി സര്‍ക്കാരിനാണെന്ന് ബിജെപി സംസ്ഥാന വക്താവ് വി.പി. ശ്രീപദ്മനാഭന്‍ പറഞ്ഞു. ബിജെപി വികസിത ബദിയടുക്ക പഞ്ചായത്ത് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന, ജല്‍ ജീവന്‍ മിഷന്‍ കുടിവെള്ള വിതരണം, സൗജന്യ വൈദ്യുത കണക്ഷന്‍, സ്വച്ഛഭാരത് ജൈവ മാലിന്യസംസ്‌കരണ സഹായം, സാമ്പത്തിക പരിധിയില്ലാതെ എല്ലാ വയോജനങ്ങള്‍ക്കും ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പരിരക്ഷ, നഗരമേഖലയിലെ പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതി എന്നിവയാണ് എല്ലായിടത്തും മാറ്റങ്ങള്‍ക്കു വഴിവെച്ചത്. എന്നാല്‍ ഇവ കേരളത്തില്‍ പൂര്‍ണ്ണമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതി, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ വരുത്തിയ വീഴ്ച്ച, സംസ്ഥാനത്തെ വന്‍ സാമ്പത്തിക പ്രതിസന്ധി എന്നിവയില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനാണു ഗാസ പോലുള്ള അന്താരാഷ്ട്ര വിഷയങ്ങള്‍ ഇടത് മുന്നണി ഇളക്കി വിടുന്നതെന്നു അദ്ദേഹം പറഞ്ഞു.
ജയറാം ചെട്ടിയാര്‍ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ വി.കെ. സജീവന്‍, മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണ എം, ജനറല്‍ സെക്രട്ടറി രവീന്ദ്ര റൈ ഗോസാഡ, മണ്ഡലം വൈസ് പ്രസിഡന്റ് ജയന്തി ഷെട്ടി, ബിജെപി ജില്ലാ സെക്രട്ടറി അശ്വിനി കെ.എം., മഹിളാമോര്‍ച്ച മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പ്രേമ കുമാരി, ബദിയടുക്ക പഞ്ചായത്ത് വെസ്റ്റ് ഏരിയ പ്രസിഡന്റ് മഹേഷ് വളകുഞ്ജ, ബദിയടുക്ക പഞ്ചായത്ത് ഈസ്റ്റ് ഏരിയ ജനറല്‍ സെക്രട്ടറി ആനന്ദ കെ പ്രസംഗിച്ചു.







