കാസര്‍കോട്: പിണങ്ങി കഴിയുന്ന ഭാര്യയെ പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പൊള്ളലേറ്റ ഭര്‍ത്താവിന്റെ നില ഗുരുതരം. പാണത്തൂരിലെ ജോസഫി (71)നാണ് പൊള്ളലേറ്റത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. തീവെയ്പ് സംഭവത്തില്‍ ജോസഫിനെതിരെ രാജപുരം പൊലീസ് വധശ്രമത്തിന് കേസെടുത്തു.
വ്യാഴാഴ്ച രാത്രി പത്തരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് ജോസഫും ഭാര്യ സിസിലിയും വര്‍ഷങ്ങളായി പിണങ്ങി കഴിയുകയാണ്. സംഭവ ദിവസം സിസിലിയും മകനും താമസിക്കുന്ന നെല്ലിക്കുന്നിലെ വീട്ടിലെത്തിയ ജോസഫ് ജനല്‍ ചില്ലുതകര്‍ക്കുകയും അകത്തേയ്ക്ക് പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നു.സംഭവ സമയത്ത് മുറിക്കകത്ത് ഉണ്ടായിരുന്ന സിസിലിയും പേരക്കുട്ടിയും പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്നാല്‍ തീവെയ്പിനിടയില്‍ ജോസഫിനു സാരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ഓടിക്കൂടിയ അയല്‍വാസികളാണ് ജോസഫിനെ ആശുപത്രിയില്‍ എത്തിച്ചത്.







