കാസര്‍കോട്: ബി ജെ പി സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ സുരേന്ദ്രന്‍ കാസര്‍കോട് നിന്നു തുരുവനന്തപുരത്തേയ്ക്ക് നടത്തിയ പദയാത്രയുടെ ആവശ്യത്തിനായി വാങ്ങിയ വാഹനം തിരിച്ചു കൊടുത്തില്ലെന്നു പരാതി. കാഞ്ഞങ്ങാട്, കുശാല്‍ നഗറിലെ കെ കെ സന്തോഷ് കുമാറിന്റെ ഭാര്യ ഗീതു റൈ (42) നല്‍കിയ പരാതിയില്‍ ശിവസേന എറണാകുളം ജില്ലാ പ്രസിഡണ്ട് സുധീര്‍ ഗോപി, ശിവസേന സംസ്ഥാന പ്രസിഡണ്ട് പേരൂര്‍ക്കട ഹരികുമാര്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.
പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ടാറ്റാ എയ്‌സ് വാഹനം കെ സുരേന്ദ്രന്‍ നയിച്ച പദയാത്രയ്ക്കായി ഉപയോഗിക്കുകയും പിന്നീട് തിരികെ നല്‍കിയില്ലെന്നും പരാതിയില്‍ പറഞ്ഞു. 2024 ജനുവരി 28ന് ആണ് പരാതിക്കാരിയുടെ വീട്ടില്‍ നിന്നു വാഹനം കൊണ്ടുപോയത്. പിന്നീട് വാഹനം തിരികെ ചോദിച്ചപ്പോള്‍ ”ശരിയാക്കി”തരുമെന്നു ഭീഷണിപ്പെടുത്തിയതായും വാടകയോ വാഹനമോ നല്‍കാതെ വഞ്ചിച്ചുവെന്നും ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി നല്‍കിയത്. അവിടെ രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൊസ്ദുര്‍ഗ്ഗിലേയ്ക്ക് കൈമാറിയതും പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതും.







