കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷനെ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി റവഡ ആസാദ് ചന്ദ്രശേഖര്‍ ഉത്തരവിറക്കി.
ആലപ്പുഴ ജില്ലയിലെ മുഹമ്മ ഒന്നാമത്തെ മികച്ച പൊലീസ് സ്റ്റേഷനായും തൃശൂര്‍ റൂറലിലെ കൊടുങ്ങല്ലൂര്‍ രണ്ടാമത്തെ മികച്ച സ്റ്റേഷനായും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു പൊലീസ് സ്റ്റേഷനുകള്‍ക്കും ചീഫ് മിനിസ്റ്റേര്‍സ് ട്രോഫി ലഭിക്കും.
വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടറായ കെ പി ഷൈന്‍ ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടറായി സേവനം അനുഷ്ഠിച്ച 2024 വര്‍ഷത്തെ പ്രകടനം പരിഗണിച്ചാണ് ബേക്കലിനെ മികച്ച പൊലീസ് സ്റ്റേഷനുള്ള പുരസ്‌ക്കാരത്തിനു തെരഞ്ഞെടുത്തത്.







