കണ്ണൂര്‍: ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രഡറിക്ക് അന്തരിച്ചു. 78 വയസായിരുന്നു. ബംഗളൂരുവിലെ ഹെബ്രാല്‍ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. കണ്ണൂര്‍ ബര്‍ണശേരി സ്വദേശിയാണ്. 1972-ലെ മ്യൂണിക്ക് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായിരുന്നു മാനുവല്‍ ഫ്രഡറിക്ക്. 2019 ലെ ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവുമായിരുന്നു.
ഏഴു വര്‍ഷത്തോളം ഇന്ത്യയ്ക്കായി കളിച്ചു. 1973 ഹോളണ്ട് ലോകകപ്പിലും 1978 അര്‍ജന്റീന ലോകകപ്പിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. കണ്ണൂരിലെ ബി.എം.പി യു.പി. സകൂളിനുവേണ്ടി ഫുട്ബോള്‍ കളിച്ചിരുന്ന മാനുവല്‍ 12 ാം വയസിലാണ് ആദ്യമായി ഹോക്കി കളിക്കാന്‍ തുടങ്ങിയത്.
ഭാര്യ: പരേതയായ ശീതള. മക്കള്‍: ഫ്രെഷീന പ്രവീണ്‍ (ബംഗളൂരു), ഫെനില (മുംബൈ). മരുമക്കള്‍: പ്രവീണ്‍, ടിനു തോമസ്.







