കാസര്‍കോട്: അകന്നു കഴിയുന്ന ഭാര്യയെയും കൊച്ചുമകളെയും കിടപ്പുമുറിയിലേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. ഇരുവരും ഭാഗ്യത്തിനു രക്ഷപ്പെട്ടു. അതേസമയം അക്രമം നടത്തിയ ഭര്‍ത്താവിനെ പൊള്ളലേറ്റ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാണത്തൂര്‍, നെല്ലിക്കുന്നിലെ ജോസഫ് (65) ആണ് ആശുപത്രിയിലായത്.
വ്യാഴാഴ്ച രാത്രി 10.30മണിയോടെയാണ് സംഭവം. ഇതേ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:”ജോസഫും ഭാര്യ സിസിലിയും വര്‍ഷങ്ങളായി അകന്നു കഴിയുന്നവരാണ്. സിസിലിയും മകന്‍ ഷാജിയും അയാളുടെ ഭാര്യയും കൊച്ചുമകളായ ആറുവയസുകാരിയുമാണ് വീട്ടില്‍ താമസം. വ്യാഴാഴ്ച രാത്രി സിസിലിയും കൊച്ചുമകളും കിടന്നുറങ്ങിയിരുന്ന മുറിയുടെ ജനല്‍ വഴി അകത്തേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ ഇരുവരും പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. ഇതിനിടയില്‍ അക്രമം നടത്തിയ ജോസഫിനു പൊള്ളലേറ്റു. ബഹളവും നിലവിളിയും കേട്ട് ഓടിക്കൂടിയ നാട്ടുകാരും പാണത്തൂര്‍ എയ്ഡ് പോസ്റ്റില്‍ ഉണ്ടായിരുന്ന പൊലീസുകാരും സ്ഥലത്തെത്തി തീയണച്ചു. കിടക്കയും ജന്നലും കത്തി നശിച്ചു. പൊലീസാണ് പരിക്കേറ്റ ജോസഫിനെ ആശുപത്രിയില്‍ എത്തിച്ചത്”. സംഭവത്തില്‍ രാജപുരം പൊലീസ് അന്വേഷണം തുടങ്ങി.
തൊടുപുഴ, ചീനിക്കുഴിയില്‍ മകനടക്കം നാലുപേരെ പെട്രോള്‍ ഒഴിച്ച് കൂട്ടക്കൊല നടത്തിയ കേസിലെ പ്രതിയായ ആലിയക്കുന്നേല്‍ ഹമീദി (82)നെ ഇടുക്കി അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) വ്യാഴാഴ്ച തൂക്കിക്കൊല്ലാന്‍ ശിക്ഷിച്ചിരുന്നു.ഇതിനു തൊട്ടു പിന്നാലെയാണ് പാണത്തൂരില്‍ സമാന അക്രമ സംഭവത്തിനു ശ്രമം ഉണ്ടായത്.

 
								






