കാസര്‍കോട്: റോഡരുകില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ സ്‌കൂട്ടറില്‍ കയറ്റികൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുവാന്‍ ശ്രമം. അക്രമിയെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി വിദ്യാര്‍ത്ഥി രക്ഷപ്പെട്ടു. സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു 16 വയസ്സുള്ള ആണ്‍കുട്ടി. ഇതിനിടയില്‍ ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറില്‍ എത്തിയ ഒരാള്‍ ഒരു ക്ലബ്ബിലേയ്ക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുത്തുവെങ്കിലും യുവാവ് തൃപ്തനായില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സ്‌കൂട്ടറില്‍ കയറ്റികൊണ്ടുപോവുകയും വിജനമായ സ്ഥലത്തെ അടച്ചിട്ട ഒരു വീട്ടില്‍ എത്തിക്കുകയും ബലം പ്രയോഗിച്ച് അകത്തു പൂട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് യുവാവ് ആരോടോ ഫോണില്‍ സംസാരിച്ചു. വാതില്‍ തുറന്ന് അകത്തു കടന്ന അക്രമി വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. അപകടം മനസ്സിലാക്കിയ വിദ്യാര്‍ത്ഥി സ്ഥലത്ത് ഉണ്ടായിരുന്ന ഹെല്‍മറ്റ് എടുത്ത് അക്രമിയുടെ തലയ്ക്ക് അടിച്ചു വീഴ്ത്തി പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ അക്രമി സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി വീട്ടിലെത്തി വിവരം പറയുകയും മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അക്രമിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂട്ടര്‍ കടന്നുപോയ സ്ഥലങ്ങളിലുള്ള സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അക്രമിയെ കണ്ടെത്താന്‍ കഴിയുമെന്ന കണക്കു കൂട്ടലിലാണ് പൊലീസ്.

 
								






