കാസര്‍കോട്: ഹൃദയ വാല്‍വ് മാറ്റിയതടക്കം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന 80 വയസ്സുകാരന് കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ലാപ്രോസ്‌കോപിക് അഡ്രിനലക്ടമി (വയറു തുറക്കാതെ താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി അഡ്രിനല്‍ ഗ്രന്ഥിയും ട്യൂമറും നീക്കം ചെയ്യല്‍) വിജയകരമായി പൂര്‍ത്തിയാക്കി. ഈ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ കാസര്‍കോട് ജില്ലയുടെ ആരോഗ്യരംഗത്തെ മെഡിക്കല്‍ മികവ് ആസ്റ്റര്‍ മിംസ് ആവര്‍ത്തിച്ചു.
രോഗിയുടെ വൃക്കയുടെ മുകള്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന 12 സെന്റീമീറ്റര്‍ വലുപ്പമുള്ള ട്യൂമര്‍ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. 80 വയസ്സുള്ള രോഗിയുടെ പ്രായവും, ഹൃദയ വാല്‍വ് മാറ്റിയതുള്‍പ്പെടെയുള്ള ഗുരുതരമായ ഹൃദയാവസ്ഥയും പരിഗണിക്കുമ്പോള്‍, അത്യന്തം അപകടസാധ്യതയുള്ളതായിരുന്നു ശസ്ത്രക്രിയ.
സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, യൂറോളജി, അനസ്‌തേഷ്യ, കാര്‍ഡിയോളജി, ക്രിറ്റിക്കല്‍ കെയര്‍ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ യോജിച്ചുള്ള പ്രവര്‍ത്തനമാണ് ശസ്ത്രക്രിയ വിജയകരമാക്കാന്‍ സഹായകമായത്.
സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയയില്‍ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ഒരു സംഘമായിരുന്നു പങ്കെടുത്തത്. ശസ്ത്രക്രിയാ വിജയത്തിന്റെ പ്രധാന ഉത്തരവാദിത്തം സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലെ ഡോ. അരവിന്ദ്, മെഡിക്കല്‍, ഹെമറ്റോ ഓങ്കോളജി വിഭാഗത്തിലെ ഡോ. രാംനാഥ് ഷേണായി എന്നിവര്‍ നിര്‍വ്വഹിച്ചു. അതീവ ശ്രദ്ധ ആവശ്യമുള്ള അനസ്‌തേഷ്യ വിഭാഗത്തിന് ഡോക്ടര്‍ മുഹമ്മദ് അമീന്‍ (വിഭാഗം മേധാവി), ഡോക്ടര്‍ ശിവ തേജ് എന്നിവര്‍ നേതൃത്വം നല്‍കി.
ശസ്ത്രക്രിയക്ക് ശേഷമുള്ള സുരക്ഷയും പരിചരണവും ഉറപ്പുവരുത്തിക്കൊണ്ട്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. സോയ് ജോസഫും ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയും സി.എം.എസ്സുമായ ഡോ. സാജിദ് സലാഹുദ്ദീനും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ‘ഇത്തരം സങ്കീര്‍ണമായ ശസ്ത്രക്രിയ പ്രായാധിക്യമുള്ള രോഗിക്ക് സുരക്ഷിതമായി നടത്താന്‍ സാധിച്ചതിലൂടെ, ആശുപത്രിയുടെ മെഡിക്കല്‍ മികവും ടീമിന്റെ ഏകോപന ശേഷിയും തെളിയിക്കപ്പെട്ടു’- ആശുപത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
മുമ്പ് ഇത്തരം ഹൈ-റിസ്‌ക് ശസ്ത്രക്രിയകള്‍ക്ക് കാസര്‍കോട് ജില്ലയിലെ രോഗികള്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു.
ആസ്റ്റര്‍ മിംസ് കാസര്‍കോട്, അത്യാധുനിക മള്‍ട്ടിസ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെയും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളോടെയും ഇപ്പോള്‍ തന്നെ ജില്ലയുടെ ആരോഗ്യരംഗത്തിന് പ്രത്യേകിച്ച് അത്യാഹിത ചികിത്സയ്ക്ക് വലിയൊരു ആശ്വാസമായി മാറിയിരിക്കുന്നു. ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും മികച്ച പുരോഗതി കാഴ്ചവെക്കുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.







