പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ രണ്ട് ഡോളി തൊഴിലാളികളെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് റാണിക്കോവിൽ എസ്റ്റേറ്റ് സ്വദേശികളായ കണ്ണൻ (31), രഘു. ആർ (27) എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബർ 18നാണ് സംഭവം. തുലാമാസ പൂജയ്ക്കിടെ ശബരിമലയിൽ ദർശനത്തിനെത്തിയ കാസർകോട് സ്വദേശികളുടെ സംഘത്തെയാണ് പ്രതികൾ കബളിപ്പിച്ച് പണം തട്ടിയത്. ഉച്ചയ്ക്ക് 12 മണിയോടെ നല്ല തിരക്കുള്ള സമയത്ത് നടന്നുവന്ന കാസർകോട് സ്വദേശികളെ ഡോളി തൊഴിലാളികളായ പ്രതികൾ സമീപിച്ചു. കൂടുതൽ സമയം ക്യൂവിൽ നിൽക്കാതെ ശബരിമലയിൽ ദർശനം നടത്തി തരാം എന്ന് വിശ്വസിപ്പിച്ച് ഇവരിൽ നിന്ന് 10,000 രൂപ പ്രതികൾ വാങ്ങുകയായിരുന്നു. പിന്നീട് തീർത്ഥാടകരെ വാവര് നടയ്ക്ക് സമീപം എത്തിച്ചശേഷം പ്രതികൾ മുങ്ങി. തങ്ങൾ കബളിപ്പിക്കപ്പെട്ടതായി മനസ്സിലായ ഭക്തർ ദേവസ്വം ബോർഡിനു പരാതി നൽകി.പരാതിയെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. അറസ്റ്റിലായ ഡോളി തൊഴിലാളികളുടെ പെർമിറ്റ് റദ്ദാക്കാൻ ദേവസ്വം ബോർഡിന് പൊലീസ് കത്ത് നൽകും. അമിത തിരക്കുള്ള സമയങ്ങളിൽ ഡോളി തൊഴിലാളികൾ പണം വാങ്ങി ക്യൂവിൽ നിൽക്കാതെ ആളുകളെ ദർശനത്തിന് കൊണ്ടുപോകുന്നതായി മുൻപും പരാതികൾ ഉയർന്നിരുന്നു.








