കൊച്ചി: റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി ഹൈക്കോടതി. ഗവേഷക വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കി. വേടന് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയ ഹൈക്കോടതി, കേരളം വിടരുതെന്ന വ്യവസ്ഥ റദ്ദാക്കി.
സംസ്ഥാനം വിട്ടുപോകരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം തുടങ്ങിയ ജാമ്യ വ്യവസ്ഥകളിലാണ് ഹൈക്കോടതി ഇളവ് അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയിലെ ഇളവില്‍ പറയുന്നു. രാജ്യം വിടുന്നുവെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തുപോകരുതെന്നതടക്കമുള്ള എറണാകുളം സെഷന്‍സ് കോടതിയുടെ ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു വേടന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നും വേടന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് റാപ്പര്‍ വേടന്റെ വാദം. വിവാഹ വാഗ്ദാനം നല്‍കി ഗവേഷക വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു വേടന് എതിരായ കേസ്. എന്നാല്‍ ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് ചോദ്യം ചെയ്യലില്‍ വേടന്‍ നല്‍കിയ മൊഴി.







