കൊല്ലം: മന്ത്രവാദത്തിനു തയ്യാറാകാതിരുന്ന ഭാര്യയുടെ മുഖത്ത് തിളയ്ക്കുന്ന മീന്‍കറി ഒഴിച്ച് ഭര്‍ത്താവിന്റെ ക്രൂരത. കൊല്ലം, ആയൂരിലെ റജിലയാണ് ഭര്‍ത്താവിന്റെ ക്രൂരതയ്ക്കിരയായത്.ദമ്പതികള്‍ പതിവായി വഴക്കില്‍ ഏര്‍പ്പെട്ടിരുന്നു.
ഭാര്യയുടെ ദേഹത്ത് സാത്താന്‍ കയറിയത് കാരണമാണ് വഴക്ക് ഉണ്ടാകുന്നതെന്നാണ് സജീര്‍ വിശ്വസിച്ചിരുന്നത്. ഇത് ഒഴിവാക്കാനായി ഇരുവരും ആയൂരിലുള്ള ഒരു മന്ത്രവാദിയെ സമീപിച്ചിരുന്നു. സാത്താന്‍ബാധ ഒഴിപ്പിക്കാനായി മന്ത്രവാദി പൂജയും മന്ത്രവാദവും നടത്തിയാണ് തിരികെ അയച്ചത്. എന്നാല്‍ അതിനു ശേഷവും ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. സജീര്‍ വീണ്ടും മന്ത്രവാദിയെ കാണുകയും ഭസ്മവും തകിടുകളും കൊണ്ടു വരികയും ചെയ്തു. മന്ത്രവാദം നടത്താനായി മുടി അഴിച്ചിട്ട ശേഷം മുന്നിലിരിക്കാന്‍ സജീര്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ മന്ത്രവാദം അനാചാരവും കൂടോത്രവുമാണെന്ന് പറഞ്ഞ് റജില എതിര്‍ത്തു. ഇതില്‍ പ്രകോപിതനായാണ് സജീര്‍ ഭാര്യയുടെ മുഖത്തേക്ക് അടുപ്പത്ത് തിളച്ചു കൊണ്ടിരിക്കുകയായിരുന്ന മീന്‍കറി എടുത്തു ഒഴിച്ചത്. നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് റജിലയെ ആശുപത്രിയലെത്തിച്ചത്. ഇതിനിടയില്‍ സജീര്‍ വീട്ടില്‍ നിന്നു ഓടി രക്ഷപ്പെട്ടു. കേസെടുത്ത പൊലീസ് പ്രതിക്കായി തിരച്ചില്‍ തുടരുന്നു.








