കൊച്ചി: കോഴിക്കോട് ആറുവയസുകാരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ കേസില്‍ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ് ശിക്ഷ.
കൊല്ലപ്പെട്ട അദിതി എസ് നമ്പൂതിരിയുടെ പിതാവും ഒന്നാം പ്രതിയുമായ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംലത്ത് ബീഗം എന്നിവരെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍ തള്ളിയാണ് ജസ്റ്റിസ് കെ വി ജയകുമാര്‍, ജസ്റ്റിസ് വി രാജവിജയരാഘവന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശിക്ഷിച്ചത്. വിചാരണ കോടതി പ്രതികളെ യഥാക്രമം മൂന്നും രണ്ടും വര്‍ഷത്തെ കഠിന തടവിനായിരുന്നു ശിക്ഷിച്ചിരുന്നത്. സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
കോഴിക്കോട്, തിരുവമ്പാടി, തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ മകള്‍ അതിദി എസ് നമ്പൂതിരി (6) 2013 ഏപ്രില്‍ 29ന് ആണ് മരിച്ചത്. സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ ആദ്യ വിവാഹത്തിലുള്ള മകളായിരുന്നു അതിദി. ആദ്യ ഭാര്യ റോഡപകടത്തില്‍ മരിച്ചിരുന്നു. തുടര്‍ന്നാണ് റംല ബീഗത്തെ വിവാഹം ചെയ്തത്. കുട്ടികളെ ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെ അതിദിക്കും പത്തു വയസ്സുള്ള സഹോദരനും ഭക്ഷണം ഉള്‍പ്പെടെ നിഷേധിച്ചിരുന്നു. കുട്ടികളെ അടിക്കുകയും തൊഴിക്കുകയും കഠിന ജോലികള്‍ ചെയ്യിക്കുകയും ചെയ്തിരുന്നു. അദിതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ചൂടുവെള്ളം ഒഴിക്കുകയും ചികിത്സ നിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് കേസ്.








