കൊച്ചി: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും രണ്ടു കോടി രൂപയും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. കാസര്‍കോട് ജില്ലയിലെ ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊളത്തൂര്‍, വരിക്കുളം വീട്ടില്‍ പ്രദീപ് കുമാറി (48)നെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഇടപ്പള്ളിയില്‍ പ്രദീപ് കുമാര്‍ നടത്തിയിരുന്ന ഭുവന്‍ശ്രീ ഇന്‍ഫോടെക് ആന്റ് മാന്‍ പവര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. ഈ സ്ഥാപനത്തിനു വിദേശത്തേയ്ക്ക് ആളെ കൊണ്ടു പോകാനുള്ള ലൈസന്‍സ് ഉണ്ടെന്ന് യുവതിയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പറയുന്നു. യുവതി നടത്തിയിരുന്ന സ്ഥാപനത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശത്ത് ജോലി ഏര്‍പ്പാടാക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2022 ആഗസ്റ്റ് മാസം മുതല്‍ 2025 ജൂലായ് വരെ 78 ഉദ്യോഗാര്‍ത്ഥികളില്‍ നിന്നായി 1,98,00,000 രൂപയും പ്രതിയുടെ ആവശ്യങ്ങള്‍ക്കായി 4,50,000 രൂപയും തട്ടിയെടുത്തുവെന്നു കേസില്‍ പറയുന്നു. 2023 സെപ്തംബര്‍ മാസത്തില്‍ 15 പവന്‍ സ്വര്‍ണ്ണം കൈക്കലാക്കിയെന്നും പരാതിയിലുണ്ട്.
അതേസമയം തന്നെ ബംഗ്‌ളൂരു സ്വദേശികളായ ചിലര്‍ ചേര്‍ന്ന് തട്ടിപ്പില്‍ കുടുക്കുകയായിരുന്നുവെന്നാണ് പ്രദീപ് കുമാര്‍ പൊലീസിനു നല്‍കിയ മൊഴി.
കോണ്‍ഗ്രസ് നേതാവായിരുന്ന പരേതനായ പാദൂര്‍ കുഞ്ഞാമുഹാജിയുടെ മുന്‍ ഡ്രൈവറായിരുന്നു പ്രദീപ് കുമാര്‍.വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞാമു ഹാജിയുമായി തെറ്റിയ ഇയാള്‍ പിന്നീട് തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് കേസും നല്‍കിയിരുന്നു. ഈ കേസിലെ പ്രതികളെ മാസങ്ങള്‍ക്ക് മുമ്പ് കോടതി കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടതായി പാദൂര്‍ കുഞ്ഞാമുഹാ ജിയുടെ മകനും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഷാനവാസ് പാദൂര്‍ പറഞ്ഞു.








