കുമ്പള: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ആരവം ഉയരുമ്പോള്‍ കുമ്പളയില്‍ ലീഗ് പഞ്ചായത്ത് ഭരണത്തിനെതിരെ ലീഗ് നേതാവായ വ്യാപാരിനേതാവ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. പഞ്ചായത്ത് ഭരണസമിതി ടൗണില്‍ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണത്തിനെതിരെ മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി സത്താര്‍ ആരിക്കാടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ഹര്‍ത്താലും നടത്താന്‍ തീരുമാനിച്ചു. ട്രാഫിക് പരിഷ്‌കാരം സംബന്ധിച്ചു പൊതുജനങ്ങളും, വ്യാപാരികളും നല്‍കിയ പരാതികള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ട്രാഫിക് പരിഷ്‌കരണത്തിന്റെ പോരായ്മകള്‍ അക്കമിട്ടു ചൂണ്ടിക്കാട്ടിയിരുന്നുവെന്നു അറിയിപ്പില്‍ പറഞ്ഞു. പഴയ ബസ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കാനും, കയറ്റാനും സംവിധാനം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് അധികൃതര്‍ യോഗം പ്രഹസനമാക്കി പൊതുജനങ്ങളുടെയും, വ്യാപാരികളുടെയും, രാഷ്ട്രീയപാര്‍ട്ടി കളുടെയും നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു. പഞ്ചായത്ത് ഭരണസമിതി പോലീസിനെ കൂട്ടുപിടിച്ചുകൊണ്ട് നടത്തുന്ന കളി തീക്കളിയാണെന്നു മുന്നറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കിയെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് കമ്മിറ്റി അറിയിച്ചു. ജനകീയ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ കുമ്പളയില്‍ കടകളടച്ച് ഹര്‍ത്താല്‍ നടത്താനും കുമ്പള പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്താനുമാണ് തീരുമാനമെന്ന് പ്രസിഡണ്ട് രാജേഷ് മനയത്ത്, സെക്രട്ടറി സത്താര്‍ ആരിക്കാടി അറിയിച്ചു.








