കാസര്‍കോട്: യുവതിയെ ബസില്‍ നിന്നു വിളിച്ചിറക്കി സ്‌കൂട്ടറില്‍ തട്ടികൊണ്ടുപോയി ക്വാറിക്ക് സമീപത്ത് എത്തിച്ച് കഴുത്തിലും വയറ്റിലും കത്തിവച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. സംഭവം നടന്നത് മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അങ്ങോട്ടേയ്ക്ക് റഫര്‍ ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 29കാരിയുടെ പരാതി പ്രകാരം കൊടക്കാട് സ്വദേശിയും സൈനികനുമായ അനീഷ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട്ട് ഭാഗത്തേയ്ക്കുള്ള ബസില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. ചട്ടഞ്ചാലിനു സമീപത്ത് എത്തിയപ്പോള്‍ യുവതിയെ നിര്‍ബന്ധിച്ച് ബസില്‍ നിന്നു ഇറക്കുകയും സ്‌കൂട്ടറില്‍ കയറ്റി പൊയ്‌നാച്ചിയിലെ ഒരു ക്വാറിക്കു സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ച് കഴുത്തിലും വയറ്റിലും കത്തിവച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സ്ഥലത്ത് നിന്നു രക്ഷപ്പെട്ട ശേഷം യുവതി രക്ഷിതാക്കളെ ബന്ധപ്പെട്ട ശേഷമാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്‍കിയത്. യുവതിയെ പ്രതി ഇന്‍സ്റ്റഗ്രാം വഴി നിരന്തരം പിന്‍തുടര്‍ന്ന് ശല്യപ്പെടുത്തിയതായും പരാതിയുണ്ട്. ഇതു സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.







