പയ്യന്നൂര്‍: മണല്‍ മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും മാസപ്പടി കൈപ്പറ്റുകയും ചെയ്ത പഴയങ്ങാടി സ്റ്റേഷനിലെ മുന്‍ഡ്രൈവര്‍ മിഥുനെ ജില്ലാ പൊലീസ് സൂപ്രണ്ട് അനൂജ് പലിവാളിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് എ.ഐ.ജി: ജെ.പൂങ്കുഴലി സസ്പെന്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് മിഥുനെ പഴയങ്ങാടിയില്‍ നിന്ന് തളിപ്പറമ്പിലേക്ക് സ്ഥലം മാറ്റിയത്. പയ്യന്നൂര്‍ സ്വദേശിയായ മിഥുന്‍ നേരത്തെ മണല്‍ പിടികൂടുന്നതില്‍ സജീവമായിരുന്നു. മിഥുന് ലഭിച്ച വിവരപ്രകാരം നിരവധി മണല്‍ലോറികളെ പഴയങ്ങാടി പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.
എന്നാല്‍ മണല്‍ മാഫിയ സംഘത്തിലെ ഒരു വിഭാഗവുമായി മിഥുന്‍ ഒത്തുകളിച്ച് മറ്റേ സംഘത്തെ പിടികൂടാന്‍ ഓഫീസര്‍മാര്‍ക്ക് വിവരം നല്‍കുകയായിരുന്നു. പ്രതിഫലം പറ്റി സ്നാപ്പ് ചാറ്റുവഴിയാണ് സ്റ്റേഷനിലെ രഹസ്യങ്ങള്‍ മണല്‍ മാഫിയ സംഘത്തിന് കൈമാറിയത്. മണല്‍ മാഫിയയെ പിടികൂടാന്‍ പഴയങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടറും സംഘവും സ്റ്റേഷനില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ ഡ്രൈവറായ മിഥുന്‍ വിവരം ചോര്‍ത്തി നല്‍കിയിരുന്നു. ഇതിന് മിഥുന് പണം ലഭിക്കാറുമുണ്ടെന്നു പറയുന്നു.
രണ്ടാഴ്ച മുമ്പ് കണ്ണൂര്‍ വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് മിഥുനെയും പഴയങ്ങാടി സ്റ്റേഷനിലെ ഒരു എസ്.ഐ, മൂന്ന് പൊലീസുകാര്‍ എന്നിവരെയും നിരീക്ഷണത്തിലാക്കിയിരുന്നു. മണല്‍ മാഫിയ സംഘം എരിപുരത്തെ ഒരു ഹോട്ടലില്‍ പൊലീസുകാര്‍ക്ക് സല്‍ക്കാരം നടത്തിയ വിവരം അടക്കം വിജിലന്‍സ് ശേഖരിച്ചു. തുടര്‍ന്ന് മിഥുനെ വിശദമായി ചോദ്യംചെയ്തപ്പോള്‍ മണല്‍ മാഫിയയില്‍ നിന്ന് പണം വാങ്ങിയ കാര്യം വിജിലന്‍സിനോട് സമ്മതിക്കുകയും ചെയ്തു.
എസ്.ഐ അടക്കമുള്ള പൊലീസുകാര്‍ക്ക് പണം നല്‍കാറുണ്ടെന്ന് മിഥുന്‍ പറഞ്ഞതായാണ് സൂചന. വിജിലന്‍സ് റിപ്പോര്‍ട്ട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച് 24 മണിക്കൂറിനകം അദേഹം മിഥുനെ സസ്പെന്റ് ചെയ്യുകയായിരുന്നു.








