ചെന്നൈ: മൊൻത ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകിട്ട് കര തൊട്ടു. ആന്ധ്രപ്രദേശിലെങ്ങും കനത്തമഴ. രാത്രി ഏഴോടെയാണ് ചുഴലിക്കാറ്റ് കരതൊടാൻ തുടങ്ങിയത്. മച്ചിലിപ്പട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനഡ മേഖലയിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റുവീശി. ആയിരക്കണക്കിന് ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചതിനാൽ കനത്ത ആൾനാശമില്ല. ഇതുവരെ ആറു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രയിലാകെ 1.76 ലക്ഷം ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചു. ഒഡീഷയിൽ തീരദേശ ജില്ലകളിൽ കനത്ത മഴയും മണ്ണിലിടിച്ചിലുണ്ടായി. മൊൻത ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രതികൂല കാലാവസ്ഥയിൽ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളും ഭാഗികമായി തടസ്സപ്പെട്ടു. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്ന് എത്തേണ്ട 6 വിമാനങ്ങളും ചെന്നൈയിൽ നിന്ന് ഇവിടങ്ങളിലേക്കു പുറപ്പെടേണ്ടിയിരുന്ന 3 സർവീസുകളും റദ്ദാക്കി. ചെന്നൈയിൽനിന്ന് ആന്ധ്ര വഴിയുള്ള ട്രെയിനുകളും റദ്ദാക്കി. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയുള്ള അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊടല്‍. താഴ്ന്ന മേഖലകളില്‍ നിന്ന് ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചു. ഒരു കാരണവശാലും ചുഴലിക്കാറ്റ് തീരം തൊടുന്ന സമയത്ത് പുറത്തിറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്. ഇരുസംസ്ഥാനങ്ങളിലുമായി 22 കമ്പനി എന്‍.ഡി.ആര്‍.എഫിനെയും വിന്യസിച്ചു. ആന്ധ്രയില്‍ സ്കൂളുകള്‍ക്കു വെള്ളിയാഴ്ച വരെ അവധി നല്‍കി. വിശാഖപട്ടണം വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും നിര്‍ത്തി. വിശാഖപട്ടണം വഴി കടന്നുപോകുന്ന 54 ട്രെയിനുകള്‍ റദ്ദാക്കി.








