തിരുവനന്തപുരം: സി പി ഐ നിലപാട് കടുപ്പിച്ചതോടെ പി എം ശ്രീ പദ്ധതി മരവിപ്പിക്കാന്‍ തയ്യാറായി സി പി എമ്മും സര്‍ക്കാരും. ബുധനാഴ്ച രാവിലെ നടന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതു സംബന്ധിച്ച ധാരണയില്‍ എത്തിയത്. യോഗത്തില്‍ ഉണ്ടായ ധാരണ സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി സി പി ഐ ദേശീയ സെക്രട്ടറി ഡി രാജയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പദ്ധതിയില്‍ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു അയക്കും, കേന്ദ്രത്തില്‍ നിന്നു മറുപടി വരുന്നതു വരെ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടാകില്ല.
ബുധനാഴ്ച വൈകിട്ട് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കുമെന്ന കര്‍ശന നിലപാട് സി പി ഐ സ്വീകരിച്ചതോടെയാണ് സി പി എം വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. സി പി എം തീരുമാനം അറിഞ്ഞതോടെ മന്ത്രിസഭാ യോഗത്തില്‍ സംബന്ധിക്കുമെന്ന് സി പി ഐയും തീരുമാനമെടുത്തു.







