തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ പുനഃപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം പരിശോധിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ മരവിക്കാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിഎം ശ്രീ പദ്ധതി പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷനായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ നിയോഗിച്ചു. സിപിഐയുടെ രണ്ട് മന്ത്രിമാരും ഉപസമിതിയിലുണ്ട്. വിദ്യാഭ്യാസ മന്ത്രിക്ക് പുറമെ മന്ത്രിമാരായ കെ രാജൻ, പി രാജീവ്, റോഷി അഗസ്റ്റിൻ, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ എന്നിവരാണ് മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ. എസ്ഐആർ നടപ്പിലാക്കാനുള്ള തീരുമാനത്തിൽ ഒട്ടേറെ ആശങ്കകൾ ഉയർന്ന് വന്നിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ നവംബർ അഞ്ചിന് സർവ്വകക്ഷിയോഗം ചേരാൻ തീരുമാനിച്ചു.








