കാസര്‍കോട്: ഇരിയണ്ണി, പയത്തില്‍ വീട്ടുമുറ്റത്തെത്തിയ പുലി വളര്‍ത്തു നായയെ കൊന്നതിനു പിന്നാലെ കാനത്തൂര്‍, പയര്‍പ്പള്ളത്തും പുലിയിറങ്ങി. ചൊവ്വാഴ്്ച രാത്രി എത്തിയ പുലി വീട്ടിനു സമീപത്തെ ഷെഡ്ഡില്‍ ചങ്ങലയില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തു നായയെ കൊന്നു തിന്നു. റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ രാജന്റെ വളര്‍ത്തു നായയെയാണ് പുലി കൊന്നത്. ബുധനാഴ്ച രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിഞ്ഞതെന്നു രാജന്‍ പറഞ്ഞു. മൂന്നു നായ്ക്കളെയാണ് വീട്ടില്‍ വളര്‍ത്തുന്നത്. ഇവയില്‍ രണ്ടെണ്ണത്തെ കൂട്ടിനകത്തും ഒന്നിനെ കുരങ്ങ് ഭീഷണി ഉള്ളതിനാല്‍ വീട്ടിനടുത്തുള്ള ഷെഡിലുമാണ് രാത്രി കാലങ്ങളില്‍ കെട്ടിയിടാറ്. ഇരുമ്പു തൂണിലും ഏണിയിലുമായാണ് ചങ്ങല ബന്ധിച്ചിരുന്നത്. ചങ്ങല കഴുത്തില്‍ നിന്നു ഊരാന്‍ കഴിയാത്തതിനാല്‍ അവിടെ വച്ചു തന്നെ കൊന്ന് തിന്നുകയായിരുന്നുവെന്നു സംശയിക്കുന്നതായി രാജന്‍ പറഞ്ഞു. മൂന്നു വയസ് പ്രായമുള്ള ആണ്‍പട്ടി നല്ല ആരോഗ്യത്തിലുള്ളതായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. ഒരിടവേളയ്ക്കു ശേഷം ഇരിയണ്ണിയിലും പരിസരങ്ങളിലും വീണ്ടും പുലി വീട്ടുമുറ്റങ്ങളില്‍ എത്താന്‍ തുടങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ ഇരിയണ്ണി, പയത്തെ റിട്ട. അധ്യാപകന്‍ ഗണപതി ഭട്ടിന്റെ വീട്ടുമുറ്റത്ത് കിടന്നുറങ്ങുകയായകയായിരുന്ന നായയെ പുലി കൊന്നിരുന്നു. പട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ നായയെ ഉപേക്ഷിച്ച് പുലി രക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് പയര്‍പ്പള്ളത്തും പുലി എത്തിയത്.







