ആലപ്പുഴ: തുറവൂര്‍ ടിഡി ക്ഷേത്രകുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടണക്കാട് സ്വദേശി സമ്പത്ത്(38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് കുടുംബം പട്ടണക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ തുറവൂര്‍ തിരുമല ഭാഗം സ്‌കൂളിന് സമീപമുള്ള ക്ഷേത്രക്കുളത്തില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു. ഞായറാഴ്ച തുറവൂര്‍ മഹാക്ഷേത്രത്തിന്റെ ശ്രീകോവിലുള്ളില്‍ അതിക്രമിച്ചു കയറിയതിന് ക്ഷേത്ര ജീവനക്കാര്‍ ഇയാളെ തടഞ്ഞു വെച്ച് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. കസ്റ്റഡിയില്‍ എടുത്ത സമ്പത്തിനെ അന്ന് തന്നെ കുടുംബത്തെ വിളിച്ചു വരുത്തി കുടുംബത്തോടൊപ്പം പറഞ്ഞു വിട്ടതായി പൊലീസ് പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂവെന്നും സംഭവത്തില്‍ അസ്വഭാവികത ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പട്ടണക്കാട് പൊലീസ് അറിയിച്ചു.








