ഉദുമ: കാസര്‍കോട് ജില്ലയില്‍ പത്താമുദയത്തിന്റെ കാലിച്ചാനൂട്ട് ഭക്തിപൂര്‍വം നടത്തി. ആചാരാനുഷ്ഠാനങ്ങളോടെ നടന്ന ആഘോഷം ഭക്തജനങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. പൂര്‍ണ്ണ സൂര്യന്‍ ഭൂമിയില്‍ ദൃഷ്ടി പതിച്ചു നില്‍ക്കുന്ന ദിവസമാണ് വടക്കേ മലബാറില്‍ പത്താമുദയംആഘോഷിക്കുന്നത്. കാര്‍ഷിക അഭിവൃദ്ധിക്കും കന്നുകാലി സമ്പത്ത് വര്‍ദ്ധനക്കും വേണ്ടിയാണു പ്രാര്‍ത്ഥനയും
കാലിച്ചാനൂട്ടും നടത്തുന്നത്. കന്നുകാലികളുടെ രക്ഷകനാണ് കാലിച്ചാന്‍ തെയ്യം. ഒരു നായാട്ടു സമൂഹത്തിന്റെ വിശ്വാസ സംരക്ഷകന്‍ കൂടിയാണ് ഈ തെയ്യം. കൃഷിയും കന്നുകാലി വളര്‍ത്തലും മുഖ്യതൊഴിലായി സ്വീകരിച്ച ഇടയ സമൂഹത്തിന്റെ ആരാധനാ കേന്ദ്രങ്ങളാണ് കാലിച്ചാന്‍ കാവുകള്‍. കാലിച്ചാന്‍ കാവുകളെ കാലിച്ചാമരങ്ങള്‍ എന്നാണ് പൊതുവേ പറയാറുള്ളത്. കാഞ്ഞിരമരത്തിലാണ് കാലിച്ചാന്‍ തെയ്യത്തിന്റെ അധിവാസം. കുരുത്തോലയും കാഞ്ഞിര ഇലയും കൊണ്ട് കാവ് അലങ്കരിക്കും. ഭക്തജനങ്ങള്‍ കൊണ്ടുവരുന്ന കുത്തരി, തേങ്ങ, പാല് എന്ന് ചേര്‍ത്തുണ്ടാക്കുന്ന പ്രത്യേകതരം പാല്‍ചോര്‍ നിവേദിക്കുന്ന ചടങ്ങ് ആണിത്. മണിയാണി സമുദായത്തിലെ അംഗങ്ങളാണ് ഇതിന് കാര്‍മ്മികത്വം വഹിക്കുന്നത്. കാവിനുള്ളില്‍ വച്ചുണ്ടാക്കുന്ന നിവേദ്യം കാലിച്ചാനൂട്ട് നടത്തി ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും. കന്നുകാലികളെ കാണാതെ വന്നാല്‍ കാലിച്ചാന്‍മരത്തിന്റെ കീഴില്‍ പായസവും മറ്റും നിവേദിക്കുന്ന പതിവും ഉണ്ട്. കന്ന്കാലികളുടെ രക്ഷകനായ ദേവതയാണ് കാലിച്ചേകവന്‍. ആ ദേവതയെ തൃപ്തിപ്പെടുത്തുകയെന്നതാണ് കാലിച്ചാനൂട്ടിന്റെ ലക്ഷ്യം.







