കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനു കെ പി സി സി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിറക്കി. ഡി സി സി കള്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സുതാര്യവും തര്‍ക്കരഹിതവുമാക്കണമെന്നും സീറ്റ് വിഭജന ചര്‍ച്ചകള്‍ അടിയന്തിരമായി നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ജില്ലാ യു ഡി എഫ് കമ്മറ്റികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണമെന്നും കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
മിഷന്‍ 2025 പ്രകാരം രൂപീകരിച്ച കോര്‍കമ്മറ്റികള്‍ക്കായിരിക്കും തെരഞ്ഞെടുപ്പു ചുമതല. പൊതു സ്വീകാര്യതയും വിജയസാധ്യതയുമായിരിക്കണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ മുഖ്യമാനദണ്ഡമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. പാര്‍ട്ടി കൂറിനും സ്വഭാവ ശുദ്ധിക്കും പ്രാധാന്യം നല്‍കണം. വനിതാ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ മഹിളാ കോണ്‍ഗ്രസിലും പാര്‍ട്ടിയിലും സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കണം. പാര്‍ട്ടിക്ക് പൂര്‍ണ്ണമായും വിധേയമായിരിക്കുമെന്നും പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നുള്ള സാക്ഷ്യപത്രം സ്ഥാനാര്‍ത്ഥികള്‍ ഒപ്പിട്ടു നല്‍കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ വോട്ടെടുപ്പ് നടത്തരുതെന്നും അതാതു പ്രദേശങ്ങളിലെ എം എല്‍ എ, എം പി എന്നിവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.






