കാസര്‍കോട്: കുമ്പള, അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ പ്ലൈവുഡ് ഫാക്ടറിയില്‍ തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ പൊട്ടിത്തെറിയെ കുറിച്ച് കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊട്ടിത്തെറി നടന്ന ഡെക്കോര്‍ പാനല്‍ പ്ലൈവുഡ് ഫാക്ടറിയുടെ മാനേജര്‍ കെ ജെ ജിന്റോയുടെ പരാതി പ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ വിദഗ്ദ്ധസംഘത്തിന്റെ അന്വേഷണത്തിനു ജില്ലാ കലക്ടറും ഉത്തരവിട്ടിട്ടുണ്ട്. എറണാകുളത്തു നിന്നുള്ള സംഘം ഉടന്‍ അനന്തപുരത്തെത്തും. അതേസമയം ജില്ലാ പൊലീസ് ചീഫിന്റെ കീഴിലുള്ള ബോംബ് സ്‌ക്വാഡ് ചൊവ്വാഴ്ച രാവിലെ അനന്തപുരത്തെത്തി അപകടം നടന്ന ഫാക്ടറിയില്‍ പരിശോധന തുടങ്ങി. ആരോഗ്യ വകുപ്പ് അധികൃതരും പരിശോധന ആരംഭിച്ചിട്ടുണ്ട്. ആള്‍ക്കാര്‍ ഫാക്ടറിക്ക് അകത്തേയ്ക്ക് പോകാതിരിക്കാന്‍ കവാടത്തില്‍ വന്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി ആള്‍ക്കാര്‍ കവാടത്തിനു മുന്നിലും പരിസരത്തും തടിച്ചു കൂടിയിട്ടുണ്ട്.
അപകടത്തില്‍ ആസാം സ്വദേശിയും ഫാക്ടറിയിലെ തൊഴിലാളിയുമായ നജീറുല്‍ അലി (21) മരണപ്പെട്ടു. ഇയാളുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്നു സഹതൊഴിലാളികള്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ കാര്യമായി പരിക്കേറ്റ 6 പേര്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ഒരാളുടെ പരിക്ക് അതീവ ഗുരുതരമാണ്. നിസാരമായി പരിക്കേറ്റ രണ്ടുപേര്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം പൊട്ടിത്തെറിയുടെ ആഘാതത്തിലാണ് കുമ്പളയും പരിസര പ്രദേശങ്ങളും. 13 കിലോ മീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടന ശബ്ദം കേട്ടതായാണ് നാട്ടുകാര്‍ പറയുന്നത്.
അപകടസമയത്ത് ചുരുക്കം തൊഴിലാളികള്‍ മാത്രമാണ് പൊട്ടിത്തെറിച്ച ബോയിലറിനു സമീപത്ത് ഉണ്ടായിരുന്നത്. അതിനാലാണ് ആളപായത്തിന്റെ തോത് കുറയാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബോയിലറിന്റെ മര്‍ദ്ദം കൂടിയതാണ് പൊട്ടിത്തെറിക്കു കാരണമായതെന്നും പറയുന്നുണ്ട്.







