ആലപ്പുഴ: ഇടതു മുന്നണിയില്‍ വന്‍ പൊട്ടിത്തെറിക്ക് ഇടയാക്കിയ പി എം ശ്രീ വിവാദത്തില്‍ സമവായത്തിനുള്ള ശ്രമം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു.
സി പി ഐയുടെ നിര്‍ണ്ണായകമായ സംസ്ഥാന കൗണ്‍സില്‍ യോഗം ആരംഭിക്കുന്നതിനു മുന്നോടിയായി ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനിടയിലായിരുന്നു മുഖ്യമന്ത്രി, ബിനോയ് വിശ്വത്തെ ഫോണില്‍ ബന്ധപ്പെട്ടത്.
പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നാണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതെന്നാണ് സൂചന. പി എം ശ്രീ പദ്ധതിയില്‍ നിന്നു പിന്‍മാറാനാകില്ലെന്നു സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വ്യക്തമാക്കിയ ശേഷമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനോയ് വിശ്വവുമായി സംസാരിച്ചത്. ഇതിന്റെ തുടര്‍ച്ചയായി പിണറായി വിജയനും ബിനോയ് വിശ്വവും ഇന്ന് വൈകിട്ട് 3.30ന് ആലപ്പുഴയില്‍ കൂടിക്കാഴ്ച്ച നടത്തും.
എന്നാല്‍ വിട്ടു വീഴ്ച്ചകള്‍ ഇല്ലാത്ത നിലപാടായിരിക്കും സി പി ഐ കൈക്കൊള്ളുകയെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി. നിലപാടുകളുള്ള പാര്‍ട്ടിയാണ് സി പി ഐ. പാര്‍ട്ടിക്ക് പറയാനുള്ളതെല്ലാം പാര്‍ട്ടി സെക്രട്ടറി പറയും-അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇടതു മുന്നണിയോഗം ഉടന്‍ ചേരും. പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടുവെങ്കിലും തുടര്‍ നടപടികള്‍ക്ക് ധൃതി വയ്‌ക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് വിദ്യാഭ്യാസ മന്ത്രി വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്.








