തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കൊലക്കേസ് പ്രതിയായ യുവാവിന് നേരെ അതിക്രൂരമായ ആക്രമണം. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സുദര്‍ശനനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ 21 നാണ് റോഡില്‍ പരിക്കേറ്റ് ഉപേക്ഷിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. സുദര്‍ശനന്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയില്‍ കണ്ടെത്തി. അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ വയറിന് പുറത്തും മാരകമായി പരിക്കേറ്റിട്ടുണ്ട്. യുവാവിന്റെ ജനനേന്ദ്രിയം ചികിത്സയുടെ ഭാഗമായി നീക്കം ചെയ്തു. കൊടുങ്ങല്ലൂര്‍ പൊലീസാണ് യുവാവിനെ തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരം അറിയിച്ചത്. സുദര്‍ശനന് നേരിടേണ്ടി വന്നത് മനുഷ്യത്വ രഹിതമായ പീഡനമെന്നും ആലപ്പുഴ സ്വദേശികളായ ചിലരെ സംശയമുണ്ടെന്നും അനുജന്‍ മുരുകന്‍ പറഞ്ഞു. 16ാം തീയതി വരെ സുദര്‍ശന്‍ തുറവൂരിലെ ചായക്കടയില്‍ ജോലി ചെയ്തിരുന്നു. ഇതിന് ശേഷം ഇയാളെ കാണാതാവുകയായിരുന്നു. പിന്നീടാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
ഇയാള്‍ ഒരു കൊലപാതക കേിലടക്കം ഒമ്പത് കേസുകളില്‍ പ്രതിയാണ്. സ്ത്രീകളെ ശല്യം ചെയ്തതടക്കമുള്ള പരാതികള്‍ ഇയാള്‍ക്കെതിരെയുണ്ട്. സുദര്‍ശനനും കുടുംബവും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. എസ്ഡിപിഐകാരാണ് ആക്രമിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. 2013-ല്‍ ചേര്‍ത്തല കുത്തിയതോട് എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന മുനീര്‍ കൊലപാതക കേസിലെ ഒന്നും രണ്ടും പ്രതികളാണ് സുദര്‍ശനനും സഹോദരനും മുരുകനും. എന്നാലിത് രാഷ്ട്രീയ കൊലപാതകമല്ലായിരുന്നു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മുനീര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.








