കാസര്‍കോട്: ബന്തടുക്ക, മാണിമൂല, കണ്ണാടിതോടില്‍ കഴിഞ്ഞ ദിവസം കെട്ടിയിട്ട വളര്‍ത്തു നായയെ കടിച്ചു പരിക്കേല്‍പ്പിച്ചത് പുലി തന്നെയെന്ന് സ്ഥിരീകരിച്ചു. വീട്ടുകാര്‍ ഉറപ്പിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി. ശേഷപ്പ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കെട്ടിയിട്ട നായയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ പുലി ഓടിപ്പോയതായി സംശയിക്കുന്നു. പുലിയാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്ഥലത്തു കാണപ്പെട്ട കാല്‍പ്പാടുകള്‍ ഫോറസ്റ്റ് അധികൃതര്‍ തിങ്കളാഴ്ചയും പരിശോധിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ കാരണം കാല്‍പ്പാടുകള്‍ വ്യക്തമാകുന്നില്ലെന്നു അധികൃതര്‍ പറഞ്ഞു.
കര്‍ണ്ണാടക വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് കണ്ണാടിത്തോട്. അതിനാല്‍ പുലിയിറങ്ങാനുള്ള സാധ്യത ഏറെയാണെന്നാണ് വനം വകുപ്പ് അധികൃതരുടെ വിലയിരുത്തല്‍. നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ആവര്‍ത്തിച്ചു മുന്നറിയിച്ചു.
പ്രദേശത്തു വനം വകുപ്പിന്റെ പട്രോളിംഗ് ശക്തമാക്കുമെന്നും നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രാത്രിയില്‍ ഒറ്റക്കു പുറത്തിറങ്ങുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മുന്നറിയിച്ചിട്ടുണ്ട്.







