കൊല്ലം: കരുനാഗപ്പള്ളിയില്‍ ഒന്നര വയസുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്റിലായി. തേവലക്കര പാലക്കല്‍ സ്വദേശി സാലിഹാണ് പിടിയിലായത്. റെയില്‍വേ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെയായിരുന്നു ലൈംഗികാതിക്രമം. പരിക്കേറ്റ കുഞ്ഞും യുവതിയും ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. റെയില്‍വേ കരാര്‍ പണിക്കായി എത്തിയതായിരുന്നു യുവതി. ഇവര്‍ പ്രദേശത്ത് ടെന്റടിച്ച് താമസിക്കുകയായിരുന്നു. അന്നേ ദിവസം ശാരീരികാസ്വസ്ഥ്യത അനുഭവപ്പെട്ടതിനാല്‍ യുവതി ജോലിക്ക് പോയിരുന്നില്ല. ഇവര്‍ കുഞ്ഞിനൊപ്പം ടെന്റില്‍ ഇരിക്കുകയായിരുന്നു. കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നതിനിടെയാണ് സാലിഹ് മദ്യപിച്ചെത്തി അക്രമം നടത്തിയത്. ഇയാള്‍ ടെന്റിലേക്ക് കയറി യുവതിയെ കടന്നുപിടിച്ചു. ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ വലിച്ചെറിയുകയുമായിരുന്നു. യുവതിയുടെ നിലവിളി കേട്ട് പരിസരത്തെ ആളുകള്‍ ഓടിക്കൂടി. ഇതോടെ സാലിഹ് ടെന്റില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവുള്‍പ്പെടെ കരുനാഗപ്പള്ളി പൊലീസിലെത്തി പരാതി നല്‍കി. പ്രതിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നു. ഇതോടെ കരുനാഗപ്പള്ളി പൊലീസിന് പ്രതിയെ എളുപ്പത്തില്‍ പിടികൂടാന്‍ കഴിഞ്ഞു. അതേസമയം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവതിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.








