തൃശ്ശൂര്‍: ബസ് ഇറങ്ങിയ ആളുടെ 75 ലക്ഷം രൂപ കാറിലെത്തിയ സംഘം കവര്‍ന്നു. എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ 4.30-നാണ് സംഭവം. ബംഗളൂരുവില്‍നിന്നുള്ള സ്വകാര്യബസിലാണ് മുബാറക്ക് മണ്ണുത്തിയിലെത്തിയത്. ബസ്ഇറങ്ങിയ ശേഷം മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപം ചായക്കടയിലിരിക്കുകയായിരുന്ന മുബാറക്. ഈ സമയം കാറിലെത്തിയ അഞ്ചംഗസംഘം മുബാറക്കുമായി പിടിവലി നടത്തുകയും പണമടങ്ങിയ ബാഗുമായി കടന്നുകളയുകയുമായിരുന്നു. കാര്‍ വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്കിന്റെ മൊഴി. പണം തട്ടിയെടുത്തവര്‍ എത്തിയ കാറിന്റെ നമ്പര്‍ മുന്‍ഭാഗത്തും പിന്‍ഭാഗത്തും വ്യത്യസ്തമാണെന്നു മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഒല്ലൂര്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.







